This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഗ് വെള്ളച്ചാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഗ് വെള്ളച്ചാട്ടം

ജോഗ് വെള്ളച്ചാട്ടം

കര്‍ണാടക സംസ്ഥാനത്തിലുള്ള ഒരു ജലപാതം, ശരാവതീ നദിയില്‍ സ്ഥിതിചെയ്യുന്ന ഇത് ലോകത്തിലെ തന്നെ പൊക്കം കൂടിയ ജലപാതങ്ങളിലൊന്നാണ്. 25 കി.മീറ്ററിലധികം നീളത്തില്‍ കിഴുക്കാംതൂക്കായി ഏറെ ഇടുങ്ങിയ ഒരു മലയിടുക്കിന്റെ അഗ്രത്തിലായാണ് ഇതിന്റെ സ്ഥാനം. ഇവിടെ കുത്തനെ നില്ക്കുന്ന ഒരു പാറയുടെ മുകളില്‍ നിന്നു പതിക്കുന്ന ജോഗ് വെള്ളച്ചാട്ടത്തിന് 250 മീറ്ററോളം ഉയരമുണ്ട്. രാജാ, റോറര്‍, റോക്കറ്റ്, ലേഡി എന്നിങ്ങനെയുള്ള നാലു ചെറു ജലപാതങ്ങള്‍ ചേര്‍ന്നതാണിത്. മലയിടുക്കിന്റെ ഇരുവശത്തുനിന്ന് തൂങ്ങിക്കിടക്കുന്നതായി കാണപ്പെടുന്ന താഴ്വാരങ്ങളിലൂടെ നദിയിലേക്കൊഴുകിയെത്തുന്ന പോഷകനദികളിലും ചെറു ജലപാതങ്ങള്‍ സാധാരണമാണ്.

ജോഗ് ജലപാതം മൂലം പ്രസിദ്ധി നേടിയിരിക്കുന്ന ശരാവതീ നദിക്ക് ഈ ഭാഗത്ത് 70 മീറ്ററിലേറെ വീതിയുണ്ട്. ഇവിടെ ഒരു നദി പ്രകടമാക്കുന്ന 'ആക്രമണ സ്വഭാവ'മാണ് (ഒരു നദീപ്രവാഹം ശക്തമായ മറ്റൊന്നുമായി ചേര്‍ന്ന് ഗതി മാറിത്തീരുന്ന അവസ്ഥ) പ്രധാനമായും ജലപാതയുടെ രൂപീകരണത്തിന് കാരണമായിരിക്കുന്നത്.

വര്‍ഷകാലത്തെ വെള്ളപ്പൊക്കത്തില്‍ ജോഗ് ജലപാതത്തെ ലോകത്തിലെ 'മഹത്തായ വെള്ളച്ചാട്ടങ്ങളിലൊന്ന്' എന്നു വിശേഷിപ്പിച്ചിരുന്നു. ഇക്കാലത്ത് ഇതിനുണ്ടാകുന്ന വര്‍ധിച്ച ഉയരവും ജലത്തിന്റെ അധിക തോതുമാണ് ഇതിനു കാരണം. വേനല്‍ക്കാലമാകുമ്പോള്‍ ഇത് മൂന്നോ നാലോ ചെറിയ ജലപാതങ്ങളായി വിഘടിക്കുന്നു. ജോഗ് വെള്ളച്ചാട്ടത്തിനു താഴെയായി ഇതിന്റെ പതനസ്ഥാനത്ത് വെള്ളത്തിന്റെ വീഴ്ചയുടെ ഫലമായി ആഴമേറിയ ഒരു ഭാഗം രൂപമെടുത്തിട്ടുണ്ട്. ഇത് മനോഹരമായ ഒരു കുളത്തിന്റെ ജന്മത്തിനു കാരണമാകുന്നു. വിദേശീയരും തദ്ദേശീയരുമായ അനേകം വിനോദസഞ്ചാരികള്‍ വര്‍ഷന്തോറും ഇവിടെ വന്നുപോകുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍